ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കില്‍ ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് 21.37 ച.കി.മീ വിസ്തൃതിയുള്ള വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത്. കൃഷിനിലങ്ങളും പുഞ്ചപ്പാടങ്ങളും കുന്നിന്‍പുറങ്ങളും കേരവൃക്ഷങ്ങള്‍ തലയുര്‍ത്തി നില്‍ക്കുന്ന സമതല പ്രദേശങ്ങളും നെല്‍പാടങ്ങളും ചേര്‍ന്ന വള്ളിക്കുന്നം ഗ്രാമം സുന്ദരമാണ്. 1953ല്‍ വള്ളികുന്നം പഞ്ചായത്ത് നിലവില്‍ വന്നു. ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് തോപ്പില്‍ ഭാസി ആയിരുന്നു. അന്ന് പഞ്ചായത്തില്‍ എട്ടു വാര്‍ഡുകള്‍ ഉണ്ടായിരുന്നു. അന്യനാടുകളിലും വളരെ പ്രചാരം ലഭിച്ച ഒന്നാണ് “വള്ളികുന്നം ഇഷ്ടിക”യും “വള്ളികുന്നം ഓടും”.
അതിരുകള്‍
- കിഴക്ക് - താമരക്കുളം പഞ്ചായത്ത്
- പടിഞ്ഞാറു - ഓച്ചിറ, കൃഷ്ണപുരം പഞ്ചായത്തുകള്‍
- വടക്ക് - ഭരണിക്കാവ് താമരക്കുളം പഞ്ചായത്തുകള്‍
- തെക്ക് - തഴവ പഞ്ചായത്ത്
വാര്‍ഡുകള്‍
പഞ്ചായത്തിലുള്ള വാര്‍ഡുകളുടെ എണ്ണം 18 ആണ്.
പഞ്ചായത്തിലുള്ള വാര്‍ഡുകളുടെ എണ്ണം 18 ആണ്.
- ചൂനാട്
- ഇലിപ്പകുളം
- വള്ളികുന്നം
- പുത്തഞ്ചന്ത
- പടയണിവട്ടം
- പരിയാരത്ത്‌കുളങ്ങര
- മലമേല്‍ചന്ത
- കടുവിനാല്‍
- കാഞ്ഞിരത്തുംമൂട്
- താളീരാടി
- കൊണ്ടോടിമുകള്‍
- കാമ്പിശ്ശേരി
- തെക്കേമുറി
- കന്നിമേല്‍
- വാളാച്ചാല്‍
- കടുവിങ്കല്‍
- കാരഴ്മ
- വട്ടയ്ക്കാട്
ജനപ്രതിനിധികള്‍
ഇവിടെ ക്ളിക്ക് ചെയ്യു
ചരിത്രം
ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് വള്ളികുന്നം. പശ്ചിമഭാഗം മണല്‍പരപ്പായ സമതലവും മദ്ധ്യഭാഗം കുന്നിന്‍ചരിവുകളും താഴ്വരകളും ചേര്‍ന്ന ഇടനാടും പൂര്‍വ്വഭാഗം ചെറിയ കുന്നിന്‍ പ്രദേശവുമാണ്. ഗ്രാമത്തിന് മദ്ധ്യഭാഗത്ത് കൂടി വടക്കു നിന്ന് തെക്കോട്ട് ഒഴുകി വട്ടക്കായലില്‍ ചെന്ന് ചേരുന്ന തൊടിയൂര്‍ ആറാട്ടുപുഴ തോടിന്റെ പാര്‍ശ്വങ്ങളില്‍ കൃഷിനിലങ്ങളും പുഞ്ചപ്പാടങ്ങളും കുന്നിന്‍പുറങ്ങളും കേരവൃക്ഷങ്ങള്‍ തലയുര്‍ത്തി നില്‍ക്കുന്ന സമതല പ്രദേശങ്ങളും നെല്‍പാടങ്ങളും ചേര്‍ന്ന ഗ്രാമം സുന്ദരമാണ്. സുബ്രഹ്മണ്യന്റെ പത്നി വള്ളീദേവിയുടെ സ്ഥലമാണ് വള്ളികുന്നം എന്ന് ഐതിഹ്യം പറയുന്നു. പടയണിവട്ടം ക്ഷേത്രത്തിലെ വള്ളീദേവിയുടെ പ്രതിഷ്ഠ ഇതിന് പിന്‍ബലമേകുന്നു. വള്ളിപ്പടര്‍പ്പുകള്‍ ഉള്ള കുന്ന് വള്ളിക്കുന്നം ആയതാണെന്ന് മറ്റൊരു അനുമാനം. ആദ്യകാലത്ത് താരതമ്യേന ജനസാന്ദ്രത കുറഞ്ഞ പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ധാരാളം കാവുകളും വള്ളിപ്പടര്‍പ്പുകളും ഉണ്ടായിരുന്നു എന്ന വസ്തുത പ്രസ്തുത അനുമാനത്തെ ബലപ്പെടുത്തുന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഭൂപ്രഭുക്കളുടെ നിയന്ത്രണത്തിലായിരുന്നു ഗ്രാമത്തിന്റെ ഭൌതിക സമ്പത്തെല്ലാം. തിരുവിതാംകൂര്‍ രാജഭരണത്തിന്റെ ഭാഗമായി കരം ഒഴിവായി ഈ പ്രദേശത്തെ നായര്‍ തറവാടുകള്‍ക്ക് പതിച്ച് കിട്ടിയതായിരുന്നു ഇവിടുത്തെ ഭൂമിയുടെ നല്ല ഒരു പങ്ക്. “രാജാ പ്രത്യക്ഷ ദൈവതം” എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലായിരുന്നു ഇവിടുത്തെ ഭൂപ്രഭുക്കള്‍ അധികാരങ്ങള്‍ കൈകയാളിയിരുന്നത്. വള്ളികുന്നത്തിന്റെ പരിസര പ്രദേശമായ കായംകുളത്ത് അടിമച്ചന്ത നിലനിന്നിരുന്നു. അടിമകളെ വിദേശത്തേക്ക് കയറ്റി അയച്ചിരുന്ന ആലപ്പുഴ, കൊല്ലം, കോട്ടയം തുടങ്ങിയ സ്ഥലങ്ങളില്‍ അടിമകളെ ഈ ചന്തയില്‍ നിന്ന് കൊണ്ട് പോയിരുന്നു. ഇവരെ മൃഗീയമായി മര്‍ദ്ദിച്ചിരുന്നു. 1 രൂപ മുതല്‍ 14 രൂപ വരെ ഒരു അടിമയ്ക്ക് വിലയുണ്ടായിരുന്നു. കേരളം ഏമ്പാടും ബ്രാഹ്മണ മേധാവിത്വം ഏര്‍പ്പെടുത്തിയിരുന്ന അയിത്തം അതേ ശക്തിയില്‍ തന്ന വള്ളികുന്നത്തും നിലനിന്നിരുന്നു. അയിത്തത്തിന് ചില കണക്കുകള്‍ നിലവിലുണ്ടായിരുന്നു. ബ്രാഹ്മണരില്‍ നിന്ന് നായര്‍ 16 അടിയും ഈഴവന്‍ 32 അടിയും പുലയന്‍ 64 അടിയും അകലെ സഞ്ചരിക്കണം. വഴി നടക്കാനോ നല്ല വസ്ത്രം ധരിക്കാനോ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാനോ അവകാശമുണ്ടായിരുന്നില്ല. അടിമകള്‍ ജാതി ചിഹ്നമായ കല്ലുമാല ധരിക്കണമെന്ന് അലിഖിത നിയമം അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കിയിരുന്നു. ഈ അനാചാരങ്ങള്‍ക്ക് എതിരായ ചെറുത്തു നില്‍പ്പിന്റെ ഭാഗമായി സാമൂഹ്യ പരിഷ്കര്‍ത്താക്കളായ അയ്യങ്കാളിയും നാരായണഗുരുവും വള്ളികുന്നത്തെത്തി താണജാതിക്കാര്‍ക്ക് ആശ്വാസവും ഉത്തേജനവും നല്‍കി. കാമ്പിശ്ശേരില്‍ തറവാട്ടില്‍ കൂടിയ മഹാസമ്മേളനത്തില്‍ വച്ച് താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ പരസ്യമായി “റൌക്ക” (ബ്ളൌസിന് പകരം ഉപേയോഗിക്കുന്നത്) ധരിക്കുകയും കല്ലുമാല പൊട്ടിച്ചെറിയുകയും ചെയ്തു. പില്‍ക്കാലത്ത് മദ്ധ്യതിരുവിതാംകൂറിലെ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും കെ.പി.എ.സി എന്ന നാടക സംഘത്തിന്റെ സംഘാടകനുമായ കെ.കേശവന്‍ പോറ്റി സാറിന്റെ നേത്യത്വത്തില്‍ നടന്ന ദേശീയ പ്രക്ഷോഭ സമരം വള്ളിക്കുന്നത്ത് ചലനങ്ങള്‍ സൃഷ്ടിച്ചു. ശൂരനാട് ഗ്രാമത്തിലെ തെന്നല എന്ന നായര്‍ തറവാട്ടിലെ ഭൂവുടമയുമായി ബന്ധപ്പെട്ട തൊഴിലാളി കര്‍ഷക സമരമായിരുന്നു ശൂരനാട് സമരം. വള്ളികുന്നം പഞ്ചായത്തില്‍ കടുവുങ്കല്‍ വാര്‍ഡില്‍ ലക്ഷ്മി വിലാസത്ത് വീട്ടില്‍ നടന്ന കര്‍ഷക തൊഴിലാളി സമരമാണ് മേനിസമരം.
സ്ഥിതി വിവരകണക്കുകള്‍
ജില്ല | ആലപ്പുഴ |
ബ്ലോക്ക് | ഭരണിക്കാവ് |
വിസ്തീര്ണ്ണം | 23.37 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 27,483 |
പുരുഷന്മാര്‍ | 13,261 |
സ്ത്രീകള്‍ | 14,222 |
ജനസാന്ദ്രത | 1286 |
സ്ത്രീ : പുരുഷ അനുപാതം | 1072 |
സാക്ഷരത | 93% |
ഭൂപ്രകൃതി/വിഭവങ്ങള്‍
ഓണാട്ടുകരയില്‍ ഉള്‍പ്പെടുന്ന വള്ളികുന്നം ഒരു കാര്‍ഷിക ഗ്രാമമാണ് വള്ളികുന്നം. ഗ്രാമപഞ്ചായത്തിലെ ഭൂപ്രകൃതിയെ പൊതുവെ സമതലം, ചരിഞ്ഞ പ്രദേശം, ഉയര്‍ന്ന പ്രദേശം, താഴ്വര എന്നിങ്ങനെ നാലായി തിരിക്കാം. സമതലം മണല്‍ പ്രദേശവും, താഴ്വര പുഞ്ചപ്പാടങ്ങളും, അവശേഷിക്കുന്നവ ചരിഞ്ഞതും ഉയര്‍ന്നതുമായ ഭൂപ്രദേശവുമായി കണക്കാക്കാം. ഇവിടുത്തെ പ്രധാന കൃഷികള്‍ നെല്ല്, തെങ്ങ്, മരച്ചീനി, എള്ള്, കമുക് തുടങ്ങിയവയും ഇടവിള കൃഷികള്‍ കിഴങ്ങു വര്‍ഗ്ഗങ്ങള്‍ , ഇഞ്ചി, മഞ്ഞള്‍ , കുരുമുളക്, വാഴ എന്നിവയായിരുന്നു. പഞ്ചായത്തിന്റെ 1/4 ഭാഗം പാടങ്ങളാണ്. അവശേഷിക്കുന്ന ഭാഗത്തിന്റെ പകുതിയില്‍ അധികവും ചരിഞ്ഞതും ഉയര്‍ന്നതുമായ പ്രദേശമാണ്. സമതലത്തില്‍ കരയിലും പാടത്തും മണല്‍ മണ്ണാണ്. പുഞ്ചപ്പാടങ്ങളില്‍ ചെളിമണ്ണും മറ്റ് ഭാഗങ്ങളില്‍ വെട്ടുകല്‍ (ലാറ്റ്റേറ്റ്) മണ്ണുമാണ്. ചരിവിന്റെ തുടക്കത്തില്‍ ചില പ്രദേശങ്ങളില്‍ പശയുള്ള ചെമ്മണ്ണും ഉണ്ട്. ഉയര്‍ന്ന പ്രദേശത്ത് ചിലയിടങ്ങളില്‍ നരിക്കല്ല് കാണാം. കിഴക്കുഭാഗം ഉയര്‍ന്നും പടിഞ്ഞാറ് ഭാഗം താഴ്ന്നുമാണ് പഞ്ചായത്തിന്റെ പൊതു ഭൂപ്രകൃതി. ചരിവില്‍ ഉയര്‍ന്ന ഭാഗങ്ങളിലും പുഞ്ചപ്പാടങ്ങളിലും ഉള്ള മണ്ണ് വളക്കൂറുള്ളതും മണല്‍ പ്രദേശത്തെ മണ്ണ് താരതമ്യേന വളക്കൂറ് കുറഞ്ഞതുമാണ്. ആകെ വിസ്തൃതിയുടെ ഭൂരിഭാഗം പ്രദേശങ്ങളില്‍ തെങ്ങും, താഴ്ന്ന പ്രദേശങ്ങളില്‍ നെല്ലുമാണ് പരമ്പരാഗതമായി കൃഷി ചെയ്തു വരുന്നത്. കടുവിനാല്‍ തെക്ക്-വടക്ക് പ്രദേശങ്ങളില്‍ ആരംഭിച്ച റബ്ബര്‍ കൃഷി ഇപ്പോള്‍ വ്യാപകമായി. തന്മൂലം കശുവണ്ടിയുടെ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞു.
വിദ്യാഭ്യാസം
വിദ്യയുടെ വെളിച്ചം വള്ളികുന്നം നിവാസികളിലെത്തിച്ച പ്രഥമ സ്ഥാപനം 1926ല്‍ മണക്കാട്ടാരംഭിച്ച സംസ്കൃത പാഠശാലയാണ്. യശ.ശരീരനായ കെ.പി. കൃഷ്ണന്‍ വൈദ്യനായിരുന്നു സ്ഥാപകന്‍ . ഇന്ന് എസ് എന്‍ ഡി പി സംസ്കൃത ഹൈസകൂളായി ആ സ്ഥാപനം ഉയര്‍ന്നു നില്‍ക്കുന്നു. അന്‍പതുകളുടെ ആദ്യം ആരംഭിച്ചവയാണ് മറ്റു ചില വിദ്യാലയങ്ങള്‍ . 1951ല്‍ മലമേല്‍ ചന്തക്കു സമീപം വള്ളികുന്നം ഹൈസ്കൂള്‍ സ്ഥാപിക്കപ്പെട്ടു. 1952ല്‍ പെണ്‍പള്ളിക്കൂടമായി വട്ടയ്ക്കാട്ട് ഗവ. എല്‍ പി എസ് രൂപം കൊണ്ടു. 1957ല്‍ ഇതിനോടു ചേര്‍ന്ന് ഇലിപ്പക്കുളം ഗവ. ഹൈസ്കൂള്‍ രൂപം കൊണ്ടു. ഇപ്പോല്‍ ഈ സ്കൂളില്‍ തന്ന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയും പ്രവര്‍ത്തിക്കുന്നു. കൂടാതെ മണക്കാട് എല്‍ പി എസ്, ഇലിപ്പക്കുളം യു.പി.എസ്, അരീക്കര എല്‍ പി എസ്, മേനി മെമ്മോറിയല്‍ എല്‍ പി എസ്, ഗവ. വെല്‍ഫെയര്‍ എല്‍ പി എസ്, വള്ളികുന്നം എല്‍ പി എസ് എന്നിങ്ങനെ മറ്റ് സ്കൂളുകളും നിലവില്‍ വന്നു. പഞ്ചായത്തില്‍ 22 ആശാന്‍ പള്ളികൂടങ്ങളും 10 നഴ്സറികളും 7 അങ്കണവാടികളും പ്രവര്‍ത്തിക്കുന്നു.
അടിസ്ഥാന മേഖല
അലോപ്പതി-ആയൂര്‍വേദ-ഹോമിയോ ചികിത്സാ സൌകര്യങ്ങള്‍ ഈ ഗ്രാമത്തിലുണ്ടെങ്കിലും പൊതു മേഖലയില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം മാത്രമാണുള്ളത്. 1958ല്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് ഈ ആതുര ശുശ്രൂഷാ കേന്ദ്രം. പ്രാഥമികാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ച് സബ്ബ് സെന്ററുകളുണ്ട്. വന്‍കിട വ്യവസായ സംരംഭങ്ങളൊന്നും തന്ന ഇവിടെയില്ല. “വാളാച്ചാല്‍ കലം” എന്ന പേരില്‍ തിരുവിതാംകൂറില്‍ പ്രസിദ്ധമായിരുന്ന മണ്‍കലങ്ങളുടെ ഉത്പാദനം കാല്‍നൂറ്റാണ്ടിനു മുമ്പുതന്ന നിലച്ചുപോയി. വള്ളികുന്നത്ത് വ്യാപകമായി ഉണ്ടായിരുന്ന കൈത്തറി നെയ്ത്ത് പൂര്‍ണ്ണമായും നിലച്ചു. വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ കൈത്തറി നെയ്ത്തും നാമാവശേഷമായി. പാനെയ്ത്ത്, കുട്ട, വട്ടി, മുറം എന്നിവയുടെ നിര്‍മ്മാണം ഇന്നും നിലവിലുണ്ട്. അന്യനാടുകളിലും വളരെ പ്രചാരം ലഭിച്ച “വള്ളികുന്നം ഇഷ്ടിക”യുടെയും “വള്ളികുന്നം ഓടി”ന്റെയും ഉത്പാദനം വ്യാപകമായിട്ട് ഇപ്പോഴും നടക്കുന്നുണ്ട്. ഇഷ്ടിക-ഓട് ഫാക്ടറികളില്‍ പ്രധാനപ്പെട്ടത് 1962ല്‍ സ്ഥാപിക്കപ്പെട്ട ഐ.സി. ടൈല്‍ വര്‍ക്ക്സ്ാണ്. യാത്രാസൌകര്യത്തിന്റെ കാര്യത്തില്‍ ഗ്രാമത്തില്‍ പല ഭാഗങ്ങളും വളരെ പിന്നിലാണ്. എന്‍ എസ് റോഡ്, ഓച്ചിറ- താമരക്കുളം റോഡ,് ചങ്ങന്‍കുളങ്ങര-താമരക്കുളം റോഡ് എന്നീ റോഡുകളില്‍ മാത്രമാണ് വാഹന സൌകര്യമുള്ളത്. ഗ്രാമത്തിലൂടെ ആദ്യമായി ഒരു ബസ് സര്‍വ്വീസ് തുടങ്ങിയത് 1960-61 കാലഘട്ടത്തിലാണ്. പി.എം.എസ് എന്ന പരബ്രഹ്മോദയം മോട്ടോര്‍ സര്‍വ്വീസ് എന്‍ എസ് റോഡിലൂടെ മാവേലിക്കര-കരുനാഗപ്പള്ളി റൂട്ടില്‍ ഓടിത്തുടങ്ങി. തുടര്‍ന്ന് ബസ് സര്‍വ്വീസുകളുടെ കാര്യത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ബഹുഭൂരിപക്ഷം സര്‍വ്വീസുകളും നടത്തുന്നത് സ്വകാര്യ ബസ്സുകളാണ്.
സാംസ്കാരികരംഗം
വട്ടയ്ക്കാട് ദേവീ ക്ഷേത്രം, പടയണിവട്ടം ദേവീ ക്ഷേത്രം എന്നിവ വള്ളികുന്നത്തെ അതിപുരാതന ക്ഷേത്രങ്ങളാണ്. കാര്‍ത്യായനിപുരം ദേവീ ക്ഷേത്രം, കണ്ണമ്പള്ളില്‍ ദേവീ ക്ഷേത്രം തുടങ്ങി കുടുംബ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ ഒട്ടനവധി ക്ഷേത്രങ്ങള്‍ വള്ളികുന്നത്ത് നിലവിലുണ്ട്. ചിറമുഖത്ത് പള്ളി, കാഞ്ഞിരപ്പുഴ മുസ്ളിം പള്ളി എന്നിവയാണ് വള്ളികുന്നത്തെ ഏറ്റവും പഴക്കമുള്ള മുസ്ളിം പള്ളികള്‍ . വള്ളികുന്നത്തെ ഏറ്റവും പഴക്കമുള്ള ക്രിസ്തീയ ദേവാലയം കൊണ്ടോട്ടി മുകളില്‍ തെക്ക് ഭാഗത്തുള്ള സി.എസ്.ഐ പള്ളിയാണ്. വള്ളികുന്നം 9ാം വാര്‍ഡിലും 1ാം വാര്‍ഡിലും പ്രസിദ്ധമായ മറ്റ് രണ്ട് പള്ളികള്‍ നിലവിലുണ്ട്. കാലന്‍ തുള്ളല്‍ , കൊല്ലം തുള്ളല്‍ , പടയണി, തിരുവാതിര, മുടി, മേപ്പച്ച്, കൊടുങ്ങല്ലൂര്‍ പാട്ട് തുടങ്ങിയ പ്രാചീന കലാരൂപങ്ങള്‍ നിലനിന്നിരുന്നു. കാലം തുള്ളല്‍ , പടയണി, കൊടുങ്ങല്ലൂര്‍ പാട്ട് എന്നീ കലാരൂപങ്ങള്‍ കാലഹരണപ്പെട്ട് പോയി. ചുണ്ടില്‍ നിന്നും ചൂണ്ടിലേക്ക് പകര്‍ന്നു ജനഹൃദയങ്ങളില്‍ ജീവിച്ചിരുന്ന നടിച്ചില്‍ പാട്ടിന്റെ ശീലുകള്‍ എവിടെയോ പോയ് മറഞ്ഞു. കലാരൂപം അഭ്യസിപ്പിച്ചിരുന്ന കളരികള്‍ ധാരാളം വള്ളികുന്നത്തുണ്ടായിരുന്നു.
കടപ്പാട്:
- http://www.trend.kerala.gov.in
- http://lsgkerala.in/vallikunnampanchayat
- Census data 2001
- http://ml.wikipedia.org
